ന്യൂഡൽഹി: വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായിട്ടും വൻ ദുരന്തം ഒഴിവാക്കിയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മച്ഛാറുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായി എഫ്സെഡ് 1073 വിമാനത്തിലാണ് സംഭവം. 174 പേരുമായി പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ സഹപൈലറ്റ് ക്യാപ്റ്റൻ മച്ഛാറിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇതിനിടെ വിമാനം ഏകദേശം 14,000 അടി താഴേക്ക് പതിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മച്ഛാർ കോക്പിറ്റ് വാതിൽ തുറക്കുകയായിരുന്നു.
ഇതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് പ്രവേശിച്ച് ആക്രമിയെ കീഴടക്കി. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. കുത്തേറ്റ് താൻ നിലത്തുവീണെങ്കിലും യാത്രക്കാരെ രക്ഷിക്കണമെന്ന ചിന്തയാണ് തന്റെ മനസുലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മച്ഛാറിന്റെ ധൈര്യത്തെ മോദി നേരത്തെ തന്നെ അഭിനന്ദിച്ചിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തെ വീരനെന്ന് വിശേഷിപ്പിച്ച് പ്രശംസിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മച്ഛാറിനെ ആദ്യം സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.